കോട്ടയം: ഒടുവില്‍ തര്‍ക്കങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ജോസഫ് വിഭാഗം 10 സീറ്റില്‍ മത്സരിക്കും. തൊടുപുഴ, ഇടുക്കി, ഇരിങ്ങാലക്കുട, കടുത്തുരുത്തി, കോതമംഗലം, തിരുവല്ല, കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂര്‍, പേരാമ്പ്ര സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇതില്‍ പേരാമ്പ്ര കോണ്‍ഗ്രസുമായി വച്ചുമാറും. പകരം കണ്ണൂര്‍ ജില്ലയിലെ ഒരു സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കാനുമാണ് ധാരണ.
നേരത്തെ കോട്ടയത്തെ മൂന്നു സീറ്റുകളെ ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. കടുത്തുരുത്തിക്കും ചങ്ങനാശേരിക്കും പുറമെ രണ്ട് സീറ്റ് എന്നായിരുന്നു ജോസഫിന്റെ ആവശ്യം. എന്നാല്‍ ഒന്നും നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. എന്നാല്‍ തര്‍ക്കം തുടരുന്നത് ഗുണകരമല്ലെന്നും അത് മുന്നണിയുടെ സാധ്യതയെ തന്നെ ബാധിക്കുമെന്നും വന്നതോടെ കോണ്‍ഗ്രസ് ഒരു സീറ്റില്‍ കൂടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് ജോസഫിന് വിട്ടു നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ട്. ഇവിടെ ജോസഫ് വിഭാഗത്തിലെ പ്രിന്‍സ് ലൂക്കോസ് സ്ഥാനാര്‍ത്ഥിയാകും.