കേരള ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് അതിഥി തൊഴിലാളിയെ. പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്പര്‍ pc359410 ടിക്കറ്റിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം കേട്ട് സന്തോഷത്തിനൊപ്പം ഭയവും തോന്നിയ പ്രതിഭാ മണ്ഡല് പൊലീസ് സഹായം തേടി.
സഹായം തേടിയെത്തിയ ആളെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടിക്കറ്റ് കൈയില്‍ കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് പേടി. നേരെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് പോയി കാര്യം അവതരിപ്പിച്ചു. പൊലീസ് ഒട്ടും മടിക്കാതെ ഇദ്ദേഹത്തിന് സഹായം വാഗ്ദാനം നല്കി. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്ത് നല്കാന് സൗകര്യം ഒരുക്കി. ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു.
അവര്‍ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേല്‍വിലാസം അറിയില്ല. അതിനാല്‍ ഇന്ന് ഉടമയുമായി എത്തി മേല്‍വിലാസം നല്കി അക്കൗണ്ട് തുറക്കാന്‍ നിര്‍ദേശം നല്കി. ടിക്കറ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി. മരുതംകുഴിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി എത്തിയ ആളാണ് ഇദ്ദേഹം.


