മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആരിഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് വയനാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എടവക പഞ്ചായത്തിലെ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് ബാഗിലാക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിയാണ് പൊലീസിന് വിവരം നൽകിയത്.
ഒരാൾ പാലത്തിനടയിലേക്ക് ചാക്ക് എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളി സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്താകുന്നത്. യുപി സ്വദേശി മുഹമ്മദ് ആരിഫ് ആണ് തന്റെ സുഹൃത്തും നാട്ടുകാരനുമായ മുഖീബ് എന്ന 25 വയസുകാരനെ കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ചാക്കുകളിലാക്കി വാഴത്തോട്ടത്തിൽ തള്ളിയത്. ആരിഫിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് മുഖീബിനെ പ്രതി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തലഭാഗം ഒരു പ്ലാസ്റ്റിക് കവറിലും ശരീരഭാഗം വെട്ടിമുറിച്ച് മറ്റൊരു കറുത്ത പ്ലാസ്റ്റിക് കവറിലിട്ട് കറുത്ത ബാഗിലുമാക്കിയാണ് വാഴത്തോട്ടത്തിൽ രണ്ടിടത്തായി പ്രതി ഉപേക്ഷിച്ചത്. തല കവറിലാക്കി, തുണയിൽ പൊതിഞ്ഞ് കാർബോഡ് പെട്ടിയിലാക്കിയാണ് ഇട്ടത്. വേസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ രണ്ട് ബാഗുകളുമായി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഒരു കവർ പാലത്തിന് താഴെയും രണ്ടാമത്ത ബാഗ് കുറച്ച് ദൂരയും കൊണ്ടിട്ടു. ഇതോടെയാണ് ഓട്ടോക്കാരന് സംശയം തോന്നിയും പൊലീസിലറിയിക്കുന്നതും.
ഇൻക്വസ്റ്റ് നടപടികൾ പൊലീസ് കഴിഞ്ഞ തന്നെ പൂർത്തിയാക്കി. ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്രതി കുറ്റം സമ്മതിച്ചതിനാൽ തുടർ നടപടികൾ വേഗത്തിലാകും. കൊലപാതകം നടത്തിയ സ്ഥലത്തും മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. നേരത്തെ കൊല്ലപ്പെട്ട മുഖീബും പ്രതിയായ ആരിഫും അടുത്തടുത്ത സ്ഥലത്തായിരുന്നു താമസം, എന്നാൽ കുറച്ച് നാളായി ഇരുവരും മാറി താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മുഖീബും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്.