തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാര്‍ ജോര്‍ജ് നെല്ലിക്കുന്നേലിനെ സന്ദര്‍ശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ അവിടെ സന്ദര്‍ശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം പിടി തോമസിന്റെ ജന്മനാട്ടില്‍നിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.തെരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പി ടി യെ കാണാന്‍ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.
2011 ബെന്നി ബെഹ്നാന് മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തത്. ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടര്‍മാരെ സമീപിച്ചത്.
അപ്പോഴും എല്‍ഡിഎഫിനെ 99ല്‍ നിര്‍ത്തുമെന്നും അവര്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ടിരുന്നു. പി.ടി ചെയ്തത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ ആവര്‍ത്തിച്ചു.