തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ കെഎസ് അരുണ്‍ കുമാര്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ കെ റെയില്‍ പ്രധാന ചര്‍ച്ചയാവുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയതും കെ റെയിലിന് വേണ്ടി ശക്തിയുക്തം വാദിക്കുന്ന യുവനേതാവിനെയാണ്. നഗര നിയോജക മണ്ഡലമായതിനാല്‍ വികസനത്തെ ഇഷ്ടപ്പെടുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രിയങ്കരനാവും എന്ന ആലോചനയാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിയത്.
പിടി തോമസിനോടുള്ള തൃക്കാക്കരക്കാരുടെ വൈകാരികതയെ വികസനം എന്ന ചെക്ക് വച്ച് തടുക്കാമെന്ന് തന്നെയാണ് സിപിഐഎം വിലയിരുത്തല്‍. എസ്എഫ്ഐ കാലം തൊട്ടെ നഗരത്തില്‍ സജീവമായ അരുണ്‍ കുമാര്‍ തൃക്കാക്കരക്കാര്‍ക്ക് അപരിചിതനല്ലെന്നതും ഈ സ്ഥാനാര്‍ത്ഥിത്വ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.
28.05.1980ല്‍ അഡ്വ കെഎസ് അരുണ്‍ കുമാര്‍ ജനിച്ചു. വീട്ടൂര്‍ ഗവണ്മെന്റ് എല്‍പി സ്ക്കൂള്, വീട്ടൂര്‍ എബനേസര്‍ ഹൈസ്ക്കൂള് എന്നിവിടങ്ങളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നിന്നു 1995-1997 കാലത്ത് പ്രീഡിഗ്രിയും 1997-2000 കാലയളവില്‍ ബി.എ എക്കണോമിക്സ് ബിരുദവും നേടി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണ കാലത്ത് രജനി എസ് ആനന്ദ് തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരത്തില്‍ ദിവസങ്ങളോളം ജയില്‍ വാസമനുഭവിച്ചു.
2000-2003ല്‍ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടി. 2003 ഡിസംബര്‍ 20 ന് അഭിഭാഷകനായി എന്ട്രോള് ചെയ്തു.
സ്വാതന്ത്രസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കെപിഎസ്സി ചെയര്‍മാനും പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. ജി. ജനാര്‍ദ്ധന കുറുപ്പിന്റെ ജൂനിയറായി ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്യുന്നു. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
2018ല്‍ സിപി ഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്. തൃക്കാക്കരയിലെ കൊച്ചിന് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍(സെസ്സ്)ലെ സെസ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജനറല്‍ സെക്രട്ടറിയാണ്. സിന്തയിറ്റ് എംപ്ലോയ്സ് യൂണിയന് സിഐടിയു, ഫിലിപ്സ് കാര്‍ബണ്‍ കമ്പനി എംപ്ലോയ്സ് അസോസിയേഷന് (സിഐടിയു), ഓഇഎന് ഇന്‍ഡ്യ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു), ഐരാപുരം റബര്‍ പാര്‍ക്ക് എംപ്ലോയ്സ് യൂണിയന് (സിഐടിയു) എന്നി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റാണ്.
നിലവില്‍ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയര്‍മാനാണ്. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.
തൃശൂര്‍, പുതുക്കാട് മംഗലത്തുമനയില്‍ നാരായണ്‍ നമ്പൂതിരിയുടെയും ഉഷാമണി അന്തര്‍ജനത്തിന്റെയും മകളും ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറുമായ അഡ്വ. എംഎന്‍ മായയാണ് ഭാര്യ. എറണാകുളം, എളമക്കര ഗവണ്മെന്റ് സ്ക്കൂളിലെ 9 ക്ലാസ് വിദ്യാര്‍ത്ഥി എ. അദ്വൈത്, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി എ. ആനന്ദ് എന്നിവര്‍ മക്കളാണ്.