വിവാദങ്ങളുടെ കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും ഒപ്പം കൊവിഡ് എന്ന മഹാമാരിയും. സമാനതകളില്ലാത്ത അനുഭവസാക്ഷ്യങ്ങളിലൂടെ കേരളം കടന്ന് പോയ അഞ്ച് വര്‍ഷം. ജനവിധിക്ക് മുന്നില്‍ വന്ന് നിന്ന സര്‍ക്കാരിനും നായകന് പിണറായി വിജയനും മുന്നില്‍ ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പ്രതിസന്ധികളെ എല്ലാം അതിജീവിക്കാമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു പിണറായി വിജയന്റെ കൈമുതല്‍. പ്രതിബന്ധങ്ങളെല്ലാം മുന്നില്‍ വന്ന് നിന്നിട്ടും അതുക്കും മേലെ വിജയമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പിണറായി അങ്ങനെ ഒടുവില്‍ ഫലം വന്നപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റനായി, ഉറച്ച വാക്കും നിശ്ചയ ദാര്‍ഡ്യത്തിന്റെ ഉള്ക്കരത്തുമായി തലയുയര്‍ത്തി നിന്നു.
സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി കുറിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയത്. 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു മുന്നണിയ്ക്ക് ഭരണ തുടര്‍ച്ച ലഭിക്കുന്നത്. പ്രതിയോഗികളും പ്രകൃതിയും തീര്‍ത്ത പ്രതിരോധം മറികടന്ന രാഷ്ട്രീയ വിജയം ചരിത്രമായി. ഇത്രയേറെ പ്രതിസന്ധികളെ നേരിട്ട സര്‍ക്കാരും മുഖ്യമന്ത്രിയും കേരള ചരിത്രത്തില്‍ അപൂര്‍വം.
സ്വര്‍ണക്കടത്ത് വിവാദത്തെ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം, പിന്നാലെ നിയമസഭയിലും. തുടര്‍ ഭരണമെന്ന വിശ്വാസത്തിനു പിന്നിലെന്തെന്നു പല തവണ ചോദ്യമുയര്‍ന്നതാണ്. ജനങ്ങളില്‍ തനിക്കു വിശ്വാസമുണ്ടെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തൊട്ടു മുന്‍പെടുത്ത തീരുമാനങ്ങളില്‍ പോലും ആ ആത്മവിശ്വാസം പ്രതിഫലിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് 5 മന്ത്രിമാരാണ് രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടതോടെ ഉടനടി രാജി ആവശ്യപ്പെട്ട മന്ത്രിമാരുടെ കൂട്ടത്തില്‍ വിശ്വസ്തനായ ഇ.പി. ജയരാജനുമുണ്ട്. എല്ലാ അര്‍ഥത്തിലും സര്‍ക്കാരിന്റെ മുഖം മുഖ്യമന്ത്രിയായിരുന്നു. എല്‍ഡിഎഫ് ഭരണകാലങ്ങളില്‍ പലപ്പോഴും കല്ലുകടിയായിരുന്ന സിപിഎം- സിപിഐ തര്‍ക്കം ഈ കാലഘട്ടത്തില്‍ പഴങ്കഥയായി.

അതേസമയം പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയില്ലാതെ ഭരിച്ചത് ഒരു വര്‍ഷം മാത്രമാണ്. 2017 ല്‍ ഓഖിയെത്തി. പിന്നാലെ നിപ്പയും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും. പ്രതിസന്ധികളില്‍ കൃത്യതയോടെ ഇടപെട്ടപ്പോള്‍ ജനം മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തു. ‘അതിനെന്താ, നമ്മളെല്ലാം ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന വാക്കുകള്‍ ജനം ഏറ്റെടുത്തു. സ്നേഹിക്കുന്നവര്‍ ക്യാപ്റ്റനെന്ന വിളിപ്പേര് നല്കി. പുതിയ മാതൃകകള്‍ സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ക്ഷേമപെന്‍ഷനും ഭക്ഷ്യകിറ്റും കൃത്യമായി വീട്ടിലെത്തിയത് കേരളത്തില്‍ പുതിയ അനുഭവമായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവര്‍ക്കു ഭക്ഷ്യകിറ്റെന്ന ആശയം മുഖ്യമന്ത്രിയുടേതായിരുന്നു. കിറ്റുകള്‍ കൃത്യമായി വീട്ടിലെത്തിയപ്പോള്‍ സാധാരണക്കാരുടെ മനസ്സും സര്‍ക്കാരിനൊപ്പമായി.
അളന്നു മുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. അതുപോലെയാണ് തീരുമാനങ്ങളും. സര്‍ക്കാര്‍ തീരുമാനം കൃത്യതയോടെ നടപ്പിലാക്കണമെന്ന നിര്‍ബന്ധമുണ്ട്. ‘വെറുതേ സംസാരിച്ച് പോകാനല്ല, തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമാണ് യോഗങ്ങള്‍’ എന്ന് ഉദ്യോഗസ്ഥരോട് നയം വ്യക്തമാക്കും; അവരെ വിശ്വാസത്തിലെടുക്കും. യോഗങ്ങളിലെ തീരുമാനം നടപ്പിലായോ എന്നു പരിശോധിച്ചുറപ്പാക്കും. അച്ചടക്കവും സമയകൃത്യതയും നിര്‍ബന്ധമാണ്; അത് സര്‍ക്കാര്‍ യോഗമായാലും വാര്‍ത്താസമ്മേളനമായാലും. 6 മണിക്കുള്ള വാര്‍ത്താ സമ്മേളനം ആറുമണിക്ക് ആരംഭിക്കും. കൃത്യം 7 മണിക്ക്, ‘ബാക്കി നാളെയാകാം’എന്ന പ്രസ്താവനയോടെ അവസാനിക്കും. ഈ കൃത്യത ഭരണത്തില്‍ നേട്ടമായി. തുടര്‍ ഭരണത്തില്‍ ഇതു വര്‍ധിക്കുമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.
പിണറായി വിജയന് ഈ വിജയം ഏറെ മധുരിക്കും:
2016ല്‍ ഭരണത്തിലേറുമ്പോള്‍ ഉള്ള പ്രശ്നങ്ങളായിരുന്നില്ല, പിണറായി വിജയന് പിന്നീട് നേരിടേണ്ടി വന്നത്. അന്ന് എല്ലാം ശാന്തം. മുമ്പെന്നപോലെ പാളയത്തില്‍ പടയില്ല, അങ്ങനെ ഭരണത്തോടൊപ്പം പാര്‍ട്ടിയും ശക്തിപ്പെട്ടു.
അതിനിടയിലാണ് ഒന്നിനു പിറകേ ഒന്നായി പ്രകൃതി ദുരന്തങ്ങളെത്തിയത്. അത് തരണം ചെയ്തപ്പോഴേക്കും അഴിമതി ആരോപണങ്ങളായി. ആരോപണങ്ങള്‍ പലതും സത്യമെന്ന് വന്നതും പല തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നതും ആഘാതമായി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണി വല്ലാതെ തളര്‍ത്തിയ സാഹചര്യം. ഒപ്പം നിന്ന പലരും അഴിമതി ആരോപണത്തിന്റെ തീയില്‍ വീഴുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥ. ഇങ്ങനെ ഒരു നേതാവ് അഭിമുഖീകരിക്കുന്നതിന്റെ പരമാവധിയാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നേരിട്ടത്.
അജ്ഞാതമായ പല നീക്കങ്ങളെയും ബോംബു പോലെ ഭയക്കേണ്ട നില പോലുമുണ്ടായി. പ്രശ്നങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആശ്വാസമായെങ്കിലും പടക്കം പൊട്ടും പോലെ പ്രശ്നങ്ങള്‍ ദിവസവും ഉയര്‍ന്നു കൊണ്ടിരുന്നു. അതിനിടയിലാണ് കോവിഡിന്റെ തനിനിറവും ഭീകരതയും വെളിപ്പെട്ടത്. ഇതെല്ലാം താങ്ങി നിന്നിട്ടും ആത്മവിശ്വാസം കൈവിടാതെ ഇടതു മുന്നണിയെ വിജയ തീരത്തടുപ്പിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. പലനേട്ടങ്ങളാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ പിണറായിക്കുള്ളത്. എതിരാളികളെല്ലാം നിലംപരിശായ നില. പാര്‍ട്ടിയിലും ഭരണത്തിലും ഏകഛത്രാധിപതി. അഭൂതപൂര്‍വമായ ഒരു ജനവിധിയുടെ പിന്‍ബലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന ക്രഡിറ്റ് കൂടി പിണറായിയ്ക്ക് സ്വന്തം. ഇഷ്ടക്കാരെല്ലാം ജയിച്ചെത്തിയെന്ന ആശ്വാസം, ആകെ കയ്ക്കാനുള്ളത് വടകരയും പാലയും മാത്രം.
പിണറായി വിജയന്:
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24ന് ജനനം. തലശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാഭ്യാസം. കെഎസ്എഫ് സെക്രട്ടറിയായിരുന്നു. 24ാം വയസ്സില്സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ ക്രൂരമര്‍ദനം അനുഭവിച്ചു. 1998 മുതല്‍ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമാണ്. 1996 മുതല്‍ 1998 വരെ വൈദ്യുതി സഹകരണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 1970, 1977, 1991, 1996 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.


