കോഴിക്കോട്: 61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ കലോത്സവ ദീപം കൊളുത്തിമുഖ്യമന്ത്രി പിണറായി വിജയന് കലാമേള ഉദ്ഘാടനം ചെയ്തു.മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോല്‍സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളര്‍ത്തിയെടുക്കണം.
അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോല്‍സവങ്ങള്‍ സഹായിക്കുന്നു. കൊവിഡ് മുന്‍കരുതലുകള്‍ തുടരണം. അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്പ് സ്വീകരിച്ച ശീലങ്ങള്‍ ഇനിയും ആവര്‍ത്തിക്കണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂള്‍ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളില്‍ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും. കാലാനുസൃതമായി കലോല്‍സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകളെ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


