കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തല്‍. അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ ഹെഡ് നേഴ്സും പിന്നീട് വന്ന ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നോ നാളെയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറും.
യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കൂടരിഞ്ഞി സ്വദേശിയായ സിന്ധുവിന്റെ മരണത്തിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രതിസ്ഥാനത്താവുന്നത്. പനിയായി സിന്ധു ആശുപത്രിയില്‍ എത്തുകയായിരുന്നു. കുത്തിവയ്പ്പിനെ തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി. ഇവര്‍ മരണപ്പെടുകയായിരുന്നു. ഇത് മരുന്ന് മാറിയതിനാലാണെന്നാണ് കുടുംബം ആരോപിച്ചത്.
എന്നാല്‍, പാര്‍ശ്വഫലത്തെ തുടര്‍ന്ന് ആന്തരികമായ ഒരു അസ്വസ്ഥത ഉണ്ടായി. ഇത് മരണത്തിനു കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെ തള്ളുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പൊലീസ് നടത്തിയിരിക്കുന്നത്. കേസ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷിക്കണം എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൊലീസ് നല്‍കിയിരിക്കുന്നത്.
പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നല്കിയപ്പോള് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയില്‍ ശരീരം തളര്‍ന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.


