യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം. ദില്ലിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. തുടര്‍ന്ന് നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടന് സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യന്‍ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദര്‍ശനം നേരത്തെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരിച്ചത്.
1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആര് ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കണ്‍ വാലിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും രാജ്യത്തെ തന്നെ ആദ്യ ഐടി പാര്‍ക്കായി അത് മാറിയതെന്നും അവകാശപ്പെടുന്നു.


