മുംബൈ ഹോട്ടലില്‍ മോഡലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 8 മണിയോടെയാണ് മോഡല്‍ ഹോട്ടലില്‍ ചെക്ക് -ഇന്‍ ചെയ്യുന്നത്. തുടര്‍ന്ന് പ്രാതലും ഓര്‍ഡര്‍ ചെയ്തിരുന്നു. രാവിലെ റൂം സര്‍വീസിന് വേണ്ടി ഹോട്ടല്‍ ജീവനക്കാര്‍ എത്ര മുട്ടിയിട്ടും വാതില്‍ തുറക്കാത്തതാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ച്, പൊലീസ് എത്തി മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് മുറി തുറന്നത്.
അപ്പോഴാണ് മോഡല്‍ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ‘ക്ഷമിക്കണം. എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല. ഞാന്‍ സന്തുഷ്ടയല്ല. എനിക്ക് സമാധാനം വേണം’- കുറിപ്പിലെ ഉള്ളടക്കം ഇങ്ങനെ.
സംഭവത്തില്‍ വര്‍സോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


