ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. പീഡനക്കേസില്‍ മുഖ്യ പ്രതിയായ എംഎൽഎയ്ക്കെതിരെ യുപി പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദ്യോഗസ്ഥർ കുൽദീപ് സെംഗാറിന് ചോർത്തി നൽകിയെന്നാണ് എഫ്ഐആര്‍ പറയുന്നത്. അതേസമയം, പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകട ദിവസം നടത്തിയ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന വിവരം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ലഭിച്ചിരുന്നുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവം വിവാദമായതോടെ ഉത്തർപ്രദേശ് സർക്കാർ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി ഇന്നലെ കേസ് എടുത്തിരുന്നു. എംഎൽഎയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകനും ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ടോടെ റായ്ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതേസമയം, സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് അനിശ്ചിതകാല സമരം തുടങ്ങി.

