അഹമ്മദാബാദ്: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. എന്റെ സഹോദരന് ജയിലില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷിന്റെ പ്രതികരണം.
ഓള്‍ഡ് ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധത്തിന് നേതൃത്വം നല്കിയ ആസാദിനെ ഡിസംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


