ശ്രീനഗര്‍: പുല്‍വാമയില്‍ സി.ആര്.പി.എഫ്. ജവാന്മാരെ വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന് ആദില്‍ ദര്, തന്നെ നിയോഗിച്ചവരോട് സംസാരിക്കാന്‍ ഉപയോഗിച്ചത് വെര്‍ച്വല്‍ സിം ആണെന്ന് അന്വേഷകസംഘം കണ്ടെത്തി. വെര്‍ച്വല്‍ സിമ്മിന്റെ സേവനദാതാക്കളില്‍നിന്ന് വിവരം തേടാന്‍ ഇന്ത്യ യു.എസിന്റെ സഹായംതേടും. യു.എസ്. സേവനദാതാവാണ് സിം നല്‍കിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ്. ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന ത്രാലിലും മറ്റിടങ്ങളിലും ജമ്മുകശ്മീര്‍ പോലീസും കേന്ദ്രസുരക്ഷാ ഏജന്‍സികളും നടത്തിയ തിരച്ചിലില്‍ ആദില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ജെയ്ഷെ മുഹമ്മദ് കേന്ദ്രവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടതായി കണ്ടെത്തി.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദാസിര്‍ ഖാന് ഉള്‍പ്പെടെയുള്ളവരോട് വെര്‍ച്വല്‍ സിം ഉപയോഗിച്ചാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ‘+1’-ല്‍ തുടങ്ങുന്ന നമ്പറാണ് ഇവര്‍ ഉപയോഗിച്ചത്. മൊബൈല്‍ സ്റ്റേഷന് ഇന്റര്‍നാഷണല്‍ സബ്സ്ക്രൈബര്‍ ഡയറക്ടറി നമ്പര്‍ എന്നാണ് ഇത്തരം നമ്പറുകള്‍ അറിയപ്പെടുന്നത്.
ഈ വെര്‍ച്വല്‍ സിമ്മുമായി ബന്ധപ്പെട്ടിട്ടുള്ള ഫോണ്‍ നമ്പറുകള്‍, ആരാണ് സിം പ്രവര്‍ത്തനസജ്ജമാക്കിയത്, ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐ.പി.) വിലാസം എന്നിവയാണ് അമേരിക്കയോട് ആവശ്യപ്പെടുക.
അതിര്‍ത്തികടന്ന് ആക്രമണം നടത്തുന്ന ഭീകരര്‍ ആശയവിനിമയത്തിന് സ്വീകരിക്കുന്ന പുതിയ മാര്‍ഗമാണ് അമേരിക്കയുള്‍പ്പെടെ അന്‍പതോളം സേവനദാതാക്കളില്‍നിന്ന് ലഭ്യമാക്കുന്ന വെര്‍ച്വല്‍ സിം. ഈ സാങ്കേതികവിദ്യയില്‍ കംപ്യൂട്ടറാണ് ടെലിഫോണ്‍ നമ്പര്‍ നല്‍കുക. ഉപയോക്താവ് അയാളുടെ സ്മാര്‍ട്ട്ഫോണില്‍ സേവനദാതാവിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യും. ഇങ്ങനെ ലഭിക്കുന്ന നമ്പര്‍ സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലിഗ്രാം, ട്വിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കും. ഈ സൈറ്റുകളില്‍നിന്ന് ഉപയോക്താവിന്റെ ഫോണിലേക്ക് തിരിച്ചറിയല്‍ കോഡ് ലഭിക്കുന്നതോടെയാണ് സിം പ്രവര്‍ത്തനസജ്ജമാകുക.


