ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വച്ച് 32കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ടി.ടി.ഇ (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍) അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനെ പൊലീസ് തിരയുകയാണ്. ലിങ്ക് എക്സ്പ്രസില്‍ ജനുവരി 16നാണ് സംഭവം. എ.സി കോച്ചില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവുമായി ബന്ധപ്പെട്ട് ശനിയാഴ്ച സംഭാല്‍ ജില്ലയിലെ ഗവണ്മെന്റ് റെയില്‍വെ പൊലീസ് (ജിആര്‍പി) സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്ന് ടി.ടി.ഇ രാജു സിങിനെ (40) സസ്പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടിടിഇയെ റെയില്‍വേ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു.
ജനുവരി 17ന് രാവിലെ യുവതി സുബേദാര്‍ഗഞ്ചിലെത്തിയെങ്കിലും സംഭവം ആരോടും പറഞ്ഞില്ല. ജനുവരി 20 ന് ഭര്‍ത്താവിനോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയും അവര്‍ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ടി.ടി.ഇക്കും കൂട്ടാളിക്കുമെതിരെ ശനിയാഴ്ച റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ജനുവരി 16ന് രാത്രി ലിങ്ക് എക്സ്പ്രസില്‍ ചന്ദൗസിയില്‍ നിന്നും പ്രയാഗ് രാജിലെ സുബേദാര്‍ഗഞ്ചിലേക്ക് പോകാനാണ് യുവതി റെയില്‍വെ സ്റ്റേഷനിലെത്തിയത്. ട്രയിനിനായി കാത്തിരിക്കുമ്പോഴാണ് ടി.ടി.ഇയെ കാണുന്നതും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോകാനിരുന്ന യുവതിയെ എ.സി കോച്ചില്‍ കയറ്റുന്നതും. രാജു സിങിനെ കഴിഞ്ഞ നാലു വര്‍ഷമായി യുവതിക്ക് അറിയാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി 9.30 ഓടെ ടി.ടി.ഇയും മറ്റൊരാളും കോച്ചില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ അവളോട് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. തുടര്‍ന്ന് ടി.ടി.ഇ കുടിവെള്ളം നല്‍കുകയും അത് കഴിച്ചതോടെ യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു. ടി.ടി.ഇയും മറ്റൊരാളും കൂടി തന്നെ മാനഭംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന മകനെ മറ്റൊരു ബര്‍ത്തിലേക്ക് മാറ്റിയായിരുന്നു പീഡനം. ”ബലാത്സംഗം നടക്കുമ്പോള്‍ ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചു, പക്ഷേ മയക്കു മരുന്നിന്റെ ശക്തിയാല്‍ എനിക്ക് ശബ്ദം നഷ്ടപ്പെട്ടു’ യുവതി പറഞ്ഞു.