ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാരായാംപേട്ടിൽനിന്ന് കുഴിച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ അഞ്ചിനാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ജയിലിൽ വച്ചാണ് പ്രതി യുവതിയുടെ ഭർത്താവിനെ പരിചയപ്പെടുന്നത്. ജയിൽ ചാടിയതിന് ശേഷം യുവതിയുടെ ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി യുവതിയുമായി അടുക്കുന്നത്. ഇരുവരും നിരന്തരം ഫോണിലൂടെ സംസാരിക്കുകയും നല്ല സുഹൃത്തുക്കളാകുകയും ചെയ്തു.
പിന്നീട് തന്റെ കയ്യിൽ നിറയെ പണവും സ്വർണ്ണവും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തുതന്നെ കുഴിച്ചുമൂടുകയും ചെയ്തു. പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതിയെയും കൂട്ടി ഇരുചക്രവാഹനത്തിൽ രാമായാംപേട്ടിലേക്ക് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. യുവതിയുടെ വാഹനത്തിലായിരുന്നു ഇരുവരും രാമായാംപേട്ടിലേക്ക് പോയത്. സംഭവത്തിന് ശേഷം യുവതിയുടെ വാഹനവും കാണാതായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടക്കമുള്ള വിവിരങ്ങള്‍ ശേഖരിച്ച പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടിയത്. കൊലയ്ക്ക് ശേഷം മുങ്ങിയ പ്രതി യുവതിയുടെ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.


