ഐ.എസ്.ആര്.ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രമായ ജി സാറ്റ് 7 എയുടെ വിക്ഷേപണം ഇന്ന്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
വൈകിട്ട് 4.10 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. വ്യോമസേനക്ക് മാത്രമായി ഐ.എസ്.ആര്.ഒ നിര്‍മമിച്ച ഉപഗ്രഹം. ജി സാറ്റ് 7 എ യെ അങ്ങനെ വിശേഷിപ്പിക്കാം. ഉപഗ്രഹ വിക്ഷേപണത്തിനായുള്ള കൌണ്ട് ഡൌണ്‍ ഇന്നലെ ഉച്ചക്ക് 2.10 ന് തുടങ്ങി. ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ജി.എസ്.എല്‍.വി എഫ് 11 റോക്കറ്റില്‍ ജി സാറ്റ് 7 എ ബഹിരാകാശത്തേക്ക് കുതിക്കും.
19.20 മിനുട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളോടെ ജി സാറ്റ് 7 എ ബഹിരാകാശത്ത് രാജ്യത്തിനായി പ്രവര്‍ത്തിച്ച് തുടങ്ങും. ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര നാവിക സേനയുടെ ഹെലിക്കോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുകയും ഉപഗ്രഹത്തിന്റെ ദൌത്യമാകും.
ഐ.എസ്.ആര്.ഒയുടെ മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമായിരിക്കും ജി സാറ്റ് 7 എ. ഒപ്പം ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴാമത്തെ വിക്ഷേപണവും. നിലവില്‍ അമേരിക്കക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൌത്യങ്ങളുള്ള ജി സാറ്റ് 7 എയുടെ ആയുസ് എട്ട് വര്‍ഷമായിരിക്കും.


