ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാകാൻ ലക്ഷ്യമിട്ട്, വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങളുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം. പ്രതിമാസം ധനസഹായം, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ആരോഗ്യ ഇൻഷുറൻസ്, വിവാഹത്തിന് വധുവിന് സ്വർണവും പട്ടുസാരിയും മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതി ഇങ്ങനെ പോവുന്നു വാഗ്ദാനങ്ങൾ.
60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായമാണ് പ്രകടനപത്രികയിൽ ഉള്ള മറ്റൊരു പ്രധാന വാഗ്ദാനം. യുവതീയുവാക്കളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളുമുണ്ട്. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,000 രൂപയും സഹായധനവും നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. യുവ സംരംഭകർക്കായി 25 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ.ഉന്നത വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ വരെ ഈടുരഹിത വിദ്യാഭ്യാസ വായ്പ. സംസ്ഥാനത്തുടനീളം 100 ‘കാമരാജർ സ്കൂൾ ഓഫ് എക്സലൻസ്’ സ്ഥാപിക്കും. സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുക എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദനങ്ങൾ.
ഡിഎംകെയും എഐഡിഎംകെയും നൽകുന്ന വാഗ്ദാനങ്ങളുടെ പതിപ്പാണ് ടിവികെയുടേതെന്ന ആരോപണം ഉണ്ട്. അതിനെതിരെ വിജയ് തന്നെ രംഗത്തു വന്നു. താൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. ഡിഎംകെയും എഐഡിഎംകെയും അഴിമതിയിൽ ഒരുപോലെയാണ്. താൻ പറഞ്ഞത് നടത്താൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമാണെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് വിജയ് പറഞ്ഞു.


