ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്ത്തകന് സ്വാമി അഗ്നിവേശ്. മോഡി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകുമെന്നും അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘അയാം നോട്ട് എ ഹിന്ദു’ എന്ന സെഷനില്‍ സ്വാമി അഗ്നിവേശ് പറഞ്ഞു. മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും.
കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് തന്റെ ലക്ഷ്യമെന്നും അഗ്നിവേശ് പറഞ്ഞു. മോഡിയുടെ ഭരണകാലത്ത് ഗണപതിയെ ചൂണ്ടിക്കാട്ടി പ്ലാസ്റ്റിക് സര്‍ജറി പൗരാണിക കാലത്ത് തന്നെ ഇന്ത്യയിലുണ്ടായിരുന്നുവെന്ന അസംബന്ധം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയം സമൂഹത്തെ പുരോഗമനമായ മാറ്റത്തിലേക്ക് നയിക്കുന്നതാകണം. മതം ഉള്‍പ്പെടെയുള്ള കെട്ടുപാടുകളില്‍ നിന്നും സ്ത്രീകള്‍ മോചിതരായെങ്കില്‍ മാത്രമെ സ്ത്രീ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുയര്‍ന്ന വനിതാമതില്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്. സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

