പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വന്ദേഭാരത് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു.ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ ഐശ്വര്യ ലോക്കോ പൈലറ്റായി ജോലി ചെയ്തു. 8,000 വിശിഷ്ടാതിഥികളിലാണ് ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ ഉൾപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവർ ജോലി ചെയ്യുന്നത്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പ്രോജക്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരും പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുമെന്നാണ് വിവരം.


