തിരുമല തിരുപ്പതി ദേവസ്ഥാനം ലഡ്ഡുവില്‍ മായം കണ്ടെത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള അജയ് കുമാര്‍ സുഗന്ദയെന്ന വ്യാപാരിയെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്തത്. തിരുപ്പതി ലഡ്ഡുവില്‍ ഉപയോഗിക്കാനായി വ്യാജ നെയ്യ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഇയാള്‍ വിതരണം ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. നെല്ലൂര്‍ എസിബി കോടതിയില്‍ ഹാജരാക്കിയ അജയ് കുമാറിനെ നവംബര്‍ 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്സഭാ എംപിയും മുന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായിരുന്ന വൈ.വി. സുബ്ബ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള പ്രീമിയര്‍ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരില്‍നിന്ന് പണം സ്വീകരിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചിന്നപ്പണ്ണ ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്റായ അമന് ഗുപ്തയില്‍ നിന്ന് 20 ലക്ഷം രൂപയും പ്രീമിയര്‍ അഗ്രി ഫുഡ്സ് സീനിയര്‍ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണംചെയ്ത നാല് ഡയറികള്‍ ടെന്‍ഡറുകള്‍ നേടുന്നതിനായി രേഖകളിലും വിലയിലും കൃത്രിമം കാണിച്ചുവെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 240.8 കോടി രൂപ വിലമതിക്കുന്ന 60.37 ലക്ഷം കിലോഗ്രാം മായം ചേര്‍ത്ത നെയ്യ് ക്ഷേത്രത്തിലെത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും ഉപയോഗിച്ചാണ് കമ്പനി നെയ്യ് തയാറാക്കിയിരുന്നത്. ഭോലെ ബാബ ഓര്‍ഗാനിക് ഡയറിയെ 2022-ല്‍ കരിമ്പട്ടികയില്‍പെടുത്തിയിരുന്നെങ്കിലും മറ്റു കമ്പനികളിലൂടെ ഇവര്‍ വ്യാജ നെയ്യ് വിതരണം തുടരുകയായിരുന്നു. തിരുപ്പതി ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, ഉത്തര്‍പ്രദേശിലെ മാല് ഗംഗ, തമിഴ്നാട്ടിലെ എ.ആര് ഡയറി ഫുഡ്സ് തുടങ്ങിയ കമ്പനികളിലൂടെയായിരുന്നു വിതരണം.


