മുംബൈ: മുംബൈയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവ കോളജ് അധ്യാപികയെ യുവാവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിയഞ്ചുകാരിയായ കോളജ് അധ്യാപികയ്ക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് അക്രമി വിക്കി നഗ്രാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വിവാഹിതനും ഏഴുമാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്.
ബൈക്കിലെത്തിയ വിക്കി യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ യുവതി നാഗ്പുരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. രണ്ടു വര്‍ഷത്തോളമായി വിക്കി യുവതിയെ ശല്യംചെയ്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. യുവതിക്കെതിരായ ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷം ഉണ്ടായിരുന്നു.


