ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും. ഇരുവരേയും കാണാൻ അനുവദിക്കുന്നില്ലെന്ന് സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ഐസ ഇന്നലെ വ്യക്തമാക്കിയിരുന്നു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഡൽഹി പൊലീസ് നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും സംഘടന ഉയർത്തുന്നുണ്ട്.
അതേസമയം, ജന്തർ മന്തറിൽ കടന്ന് മിന്നൽ പ്രതിഷേധം നടത്തിയ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

