രാജ്യത്ത് 69 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 70,496 പോസിറ്റീവ് കേസുകളും 964 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിന് താഴെയെത്തി. രോഗമുക്തി നിരക്ക് 85.52 ശതമാനമായി ഉയര്‍ന്നു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 69,06,151 ആയി. ആകെ മരണം 106,490. പ്രതിദിന കേസുകള്‍ കുറയുകയാണ്. ഇന്നലെ പുറത്തുവിട്ട കണക്കില്‍ 78,524 പോസിറ്റീവ് കേസുകളായിരുന്നെങ്കില്‍ ഇന്ന് 70,496 രോഗികളായി കുറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിന് താഴെയെത്തി. 893,592 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 59 ലക്ഷം കടന്ന് 59,06,069 ആയി.
മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുകയാണ്. 1.54 ശതമാനമാണ് നിലവിലെ മരണനിരക്ക്. 24 മണിക്കൂറിനിടെ 11,68,705 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ആകെ 8,46,34,680 സാമ്പിളുകള്‍ പരിശോധിച്ചെന്നും വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.


