ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ താത്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ പ്രതികരണം.
ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും. ഇതോടെ ശൈത്യകാലത്തില്‍ വരുത്തിയ കുറവ് പരിഹരിക്കപ്പെടും.


