ഉത്തരാഖണ്ഡില്‍ ദുരഭിമാനകൊല. ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. മേല്‍ജാതിക്കാരിയായ യുവതി ദളിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ഒരുമാസം മുന്‍പാണ് ജഗദീഷ് ചന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.
ഭാര്യയുടെ അമ്മ, രണ്ടാനച്ഛന്, സഹോദരന് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. പനുവധോഖാന്‍ നിവാസിയായ കെഷ്റാമിന്റെ മകന് ജഗദീഷ് ചന്ദ്രയും ഭിക്കിയസൈന്‍ നിവാസിയായ ഗീതയും ഓഗസ്റ്റ് 21 ന് ഗൈരാദ് ക്ഷേത്രത്തില്‍ വിവാഹിതരായിരുന്നു. വിവാഹത്തിന് മുമ്പ് യുവതിയും തന്റെ രണ്ടാനച്ഛന് ജോഗ സിങ്ങിനും അര്‍ദ്ധസഹോദരന്‍ ഗോവിന്ദ് സിങ്ങിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദളിതനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും ചേര്‍ന്ന് ജഗദീഷിനെ കൊലപ്പെടുത്തുകയായിരുന്നു.
ദലിതനെ വിവാഹം കഴിച്ചതു മുതല്‍ ജഗദീഷിനെതിരെ വലിയ ശത്രുതയായിരുന്നു ഗീതയുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കൊലപാതകത്തിന് കാരണക്കാരനായ ഭാര്യാമാതാവ് ഭാവനാദേവി ഉള്‍പ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ചുറ്റിക പോലുള്ള ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ജഗദീഷ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


