പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കുറച്ച് വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് വീണ്ടും പരീക്ഷ നടത്തിയത്.ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേര് മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു സംഭവിച്ച ആറു നഗരങ്ങളിലും വ്യത്യസ്ത സെന്ററുകളിലായാണു പരീക്ഷ നടന്നത്.
വീണ്ടും പരീക്ഷ എഴുതിയ 813 പേരിൽ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരിൽ മുഴുവൻ മാർക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു.പരീക്ഷ എഴുതാൻ മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികള്‍ ജൂലൈ 8 ന് സുപ്രീംകോടതി പരിഗണിക്കും. നീറ്റ് വിഷയം രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ ഉന്നയിക്കും.


