മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. ഡല്‍ഹിഹരിയാന അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകമാര്‍ച്ച് ദില്ലിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പൊലീസും അറിയിച്ചു.
പിരിഞ്ഞുപോകണമെന്ന് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് പ്രതിരോധമുണ്ടായാലും മാര്‍ച്ച് തുടരുമെന്നാണ് കര്‍ഷകരുടെ പ്രതികരണം. ദില്ലിയിലേക്കുള്ള വഴികള്‍ പൊലീസ് കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കര്‍ഷകര്‍ പാനിപ്പത്തിലായിരുന്നു തമ്പടിച്ചത്.
കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചു. ഇതിനൊക്കെ പുറമെയാണ് സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിരിക്കുന്നത്. ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. എന്ത് തടസ്സവും മറികടന്ന് മുന്നോട്ടുപോകും എന്ന് കര്‍ഷകരും പ്രഖ്യാപിക്കുമ്പോള്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് ദില്ലി അതിര്‍ത്തികളിലുള്ളത്.
ഹരിയാനയിലെ കര്‍ണാല്‍ അംബാല, ഹിസാര്‍, സോണിപ്പത്ത് എന്നിവിടങ്ങളില്‍ കൊടും തണുപ്പിനെ വകവയ്ക്കാതെ കര്‍ഷകര്‍ റോഡുകളില്‍ അന്തിയുറങ്ങി. രാത്രി വൈകി സോണിപ്പത്തില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതാക്കെയാണെങ്കിലും ഡല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ഇന്നും നഗരാതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും.


