പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിനിയുടെ അച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കി ജെയിന് കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സത്യയെ സതീഷ് എന്ന യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദമ്പാക്കം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.
വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ആദംബാക്കം സ്വദേശി സതീഷിനെ (23) പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പൊലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതി നല്‍കിയിരുന്നു.
സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ സംസാരിക്കവെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോളാണ് പ്രതി സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവര്‍ പറയുന്നു. സത്യ തല്‍ക്ഷണം മരിച്ചു. തല തകര്‍ന്നാണ് സത്യ മരിച്ചത്. ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയില്‍ കൊലയാളിയായി സതീഷ് എത്തിയത്.


