തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും. ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും.
കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് കെ-സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും.
ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും.
അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണന്സില് കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തന്‍ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാര്‍ട്ട്. കേരളത്തിന്റെ ഈ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങള്‍ കെ-സ്മാര്‍ട്ടിന്റെ മാതൃകയിലുള്ള ആപ്പ് വികസിപ്പിക്കാന്‍ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുകയാണ് കെ-സ്മാര്‍ട്ട്. വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങള്‍ നല്കി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തില്‍ സിവില്‍ രജിസ്ട്രേഷന് (ജനന -മരണ വിവാഹ രജിസ്ട്രേഷന്), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മോഡ്യൂള്‍, ബില്‍ഡിംഗ് പെര്മിഷന് മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കുംകെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. കെ-സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും ഈ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്നതാണ്.


