സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചതടക്കം അസാധാരണ നടപടിയായിരുന്നു. ഉപവാസം സര്‍ക്കാരിനെതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മില്‍ മുമ്പ് നടത്തിയ ഏറ്റുമുട്ടലുകള്‍ വച്ച് പരിശോധിക്കുമ്പോൾ ഗവര്‍ണറുടെ നീക്കത്തെ എഴുതിതളളാനാകില്ല.
ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകരും തൈക്കാട്ടെ ഓഫീസിനു മുന്നില്‍ ഉപവാസം തുടങ്ങി. വൈകിട്ട് നാലരയ്ക്ക് തൈക്കാട്ടെ ഉപവാസ വേദിയില്‍ ഗവര്‍ണറും എത്തിച്ചേരും. വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. തുടർന്ന് ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി എടുത്ത് പറഞ്ഞ ഗവർണർ, തന്റെ സമരം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.