തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമര്‍ശത്തില്‍ വ്യക്തിപൂജ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആര് ക്രിയാത്മ വിമര്‍ശനം ഉന്നയിച്ചാലും പരിശോധിക്കും. സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
2003ല്‍ എം.ടി എഴുതിയത് ലോകത്തിന്റെ പൊതു ചിത്രമാണ്. വസ്തുതകള്‍ പതിറ്റാണ് കഴിഞ്ഞാലും പ്രസക്തമാണ്. സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ കാത് കൂര്‍പ്പിച്ച് തന്നെ കേള്‍ക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കില്‍ വരുത്തും.
അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കാൻ കേരളത്തിലെ കോണ്‍ഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്.ഇടത്പാര്‍ട്ടികള്‍ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പം നില്ക്കും, പക്ഷെ പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വച്ച് ഉദ്ഘാടനം ചെയ്യുന്ന വര്‍ഗീയതക്ക് ഒപ്പം ഇല്ല.
നവകേരള സദസ് ചരിത്രപരമായ വൻ മുന്നേറ്റമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ മുന്നേറ്റമായിരുന്നു സദസ്. യുഡിഎഫ് ബദല്‍ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ചു. കലാപാഹ്വാനം നടത്തി, രാഷ്ട്രീയമായി സമനില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷത്തിനെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.


