മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ പോലീസ് അറസ്റ്റ് ചെയ്തു. 1,079 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളായി കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് ഈ വര്‍ഷം പോലീസ് പിടികൂടുന്ന 25-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. അടുത്തിടെ 55 ലക്ഷം രൂപ വിലമതിക്കുന്ന 927 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലയാണ് അറസ്റ്റിലായത്. ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ക്യാപ്സ്യൂളായി ഒളിപ്പിച്ചതായി കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചത്.


