കോഴിക്കോട്: തട്ടിക്കൊണ്ടുപോയ പ്രവാസിയായ അഷ്റഫിനെ വിട്ടയച്ചു. ഊരള്ളൂരില്‍ വെച്ച് തോക്ക് ചൂണ്ടി ഇന്നലെയാണ് അഷ്റഫിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. ഇയാളെ ഇന്ന് പുലര്‍ച്ചെ കോഴിക്കോട് കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ പരിക്കുകള്‍ ഉള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ ഇന്നലെ രാവിലെ ആറരയോടെയാണ് തട്ടികൊണ്ടുപോയത്. കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് അഷ്റഫിനെതിരെ നേരത്തെ കേസ് ഉണ്ട്. മെയ് അവസാനമാണ് അഷ്റഫ് റിയാദില്‍ നിന്ന് നാട്ടില്‍ എത്തിയത്. രണ്ട് കിലോയോളം സ്വര്‍ണ്ണം റിയാദില്‍ നിന്ന് അഷ്റഫ് കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പോലീസ് പറയുന്നു.
അതേസമയം അഷ്റഫ് കൊടിസുനിയുടെ സ്വര്‍ണക്കടത്തിലെ പങ്ക് വ്യക്തമാക്കി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് വീഡിയോ പുറത്തുവിട്ടിരുന്നത്. അഷ്റഫ് പറയുന്നത് ജയിലില്‍ നിന്ന് കൊടിസുനി സന്ദേശം അയച്ചു എന്നാണ്. താന്‍ കടത്തിയ സ്വര്‍ണം കൊടിസുനിയുടെ നിര്‍ദ്ദേശം അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അഷ്റഫ് പറയുന്നു. കോഴിക്കോട് റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.


