തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ശ്രമിച്ചതായി പരാതി. എന്‍ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരെ നൽകിയ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ആണ് മന്ത്രി എ കെ ശശീന്ദ്രന് ഇടപെട്ടത്. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
എന്‍ സി പി നേതാവ് യുവതിയുടെ കൈയില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവും എന്‍ സി പിക്കാരനാണ്. യുവതി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന് പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. ശശീന്ദ്രനും പെണ്‍കുട്ടിയുടെ പിതാവും തമ്മില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
സംഭവസമയത്ത് പൊലീസില്‍ പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പറഞ്ഞു.
അതേസമയം, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറയുന്നത്. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രി ഫോൺ വിളിക്കുന്നത്. മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദികുന്നുമുണ്ട്. ഇതിന് ശേഷമാണ് അവിടെ പാർട്ടിയിൽ ഒരു പ്രശ്നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാർട്ടിയിൽ പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രിയും പറയുന്നുണ്ട്. തൻ്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി തീർപ്പാക്കാൻ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോൾ നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്നത്. നല്ല രീതിയിൽ എന്നു പറഞ്ഞാൽ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഈ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.


