കായംകുളം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ അക്രമിച്ച് സ്വര്‍ണമാല കവരുന്ന സംഘം അറസ്റ്റില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം ദീപാ മന്ദിരത്തില്‍ അഖില്‍ (23), കുമ്പളത്ത് വീട്ടില്‍ അഭിലാഷ് (23) വര്‍ക്കല കൊച്ചാലത്തൊടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കായംകുളം കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
കാപ്പില്‍ കിഴക്ക് മോഹനാലയത്തില്‍ രാകേഷിന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് പിടികൂടിയത്. കഴിഞ്ഞ 11 ന് രാവിലെ രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്ക് ആണ് ഇവർ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനിടെ ബൈക്ക് അറ്റകുറ്റ പണികള്‍ക്കായി കൊല്ലത്തുള്ള ഷോറൂമില്‍ എത്തിച്ചതാണ് മോഷണ സംഘത്തെ കുടുക്കിയത്. ലോക്കും നമ്പര്‍പ്ലെയ്റ്റ് ഇല്ലാതിരുന്നത് കൊണ്ട് ഷോറൂം ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു.
ചോദ്യം ചെയ്തതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് വ്യക്തത വന്നത്. നിരവധി കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്ന പൊലിസ് വര്‍ക്കല കാപ്പില്‍ ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പുനലൂരില്‍ നിന്നും രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മറ്റൊരു ഡ്യുക്ക് ബൈക്ക് മോഷ്ടിച്ചതായും കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു സ്ത്രീകളുടെ മാല പൊട്ടിക്കലും നടത്താറുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. സി ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ അനന്തകൃഷ്ണന്, യോഗീദാസ്, എ.എസ്.ഐമാരായ നവീന്‍, ഉദകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, വിഷ്ണു, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


