തോട്ടിലേക്ക് അറവ് മാലിന്യം ഒഴുക്കിയ മാംസ വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചോറ്റുപാറ കൈത്തോട് വൃത്തിയാക്കുന്ന തിനിടെയാണ് ഇവിടേക്ക് അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നതായി ശ്രദ്ധയില്‍പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളുള്ള പെരിയാറ്റിലേക്കാണ് തോട്ടിലെ മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത്. കഴിഞ്ഞ ദിവസം മാലിന്യം തോട്ടില്‍ നിക്ഷേപിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇത് വകവെക്കാതെ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെതിരെയാണ് നടപടിയെടുത്തത്. പഴം, പച്ചക്കറി, മത്സ്യ മാംസ അവശിഷ്ടങ്ങള്‍ ഈ തോട്ടിലാണ് കാലങ്ങളായി നിക്ഷേപിക്കുന്നത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ടി സുനില്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡോണ്‍ബോസ്കോ എന്നിവരുടെ നേതൃത്വത്തിലാണ് കടകള്‍ അടപ്പിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കടകള്‍ ഒന്നും തന്നെ പ്രവര്ത്തിക്കാനനുവദിക്കില്ലെന്നും കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സെക്രട്ടറി സി.എന്‍. അജിത് പറഞ്ഞു.


