കോതമംഗലം: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതിനു ശേഷം നാട്ടില്‍ മൃഗാധിപത്യം യാഥാര്‍ത്ഥ്യമായെന്ന് ഡീന്‍ കുര്യാക്കോസ് എംപി . ജനവാസ മേഖലകളില്‍ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ആള് നാശവും , കൃഷി നാശവും , ഒപ്പം വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയും , കോതമംഗലത്തെ 5 പഞ്ചായത്തുകളില്‍ (കുട്ടമ്പുഴ , കീരമ്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന )വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ , കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തി, കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയ സര്‍ക്കാരാണ് നാടു ഭരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ 2013 ല്‍ ജനവാസ മേഖലകളില്‍ പൂജ്യം ബഫര്‍ സോണ്‍ എന്നെടുത്ത തീരുമാനം പിന്‍വലിച്ച് , ഒരു കി.മീ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ബഫര്‍ സോണ്‍ എന്നു തീരുമാനിച്ച ഈ ഗവണ്മെന്റിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
എംപിയും , ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിച്ച് രാവിലെ ഭൂതത്താന്‍ കെട്ടില്‍ നിന്നും ആരംഭിച്ച് വൈകിട്ട് കുട്ടമ്പുഴയില്‍ സമാപിച്ച സമരയാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എറണാകുളം ജില്ലയിലെ ജനവാസ മേഖലകള്‍ ഒരിടത്തും ബഫര്‍ സോണ്‍ അനുവദിക്കില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷിയാസ് പറഞ്ഞു. കാര്‍ഷിക മേഖലയെ സമ്പൂര്‍ണ്ണമായി തകര്‍ത്തെറിയുന്ന ബഫര്‍ സോണ്‍ നയം സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിക്കാന്‍ പ്രേരണ നല്‍കിയത് ഇടതു സര്‍ക്കാര്‍ ആണെന്ന് രാവിലെ ഭൂതത്താന്‍ കെട്ടില്‍ ഉത്ഘാടനം ചെയ്തു ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ എംപി പറഞ്ഞു. മുന്‍ എംഎല്‍എ ടിയു കുരുവിള , ഷിബു തെക്കും പുറം, പി.കെ മൊയ്തു, മൈക്കിള്‍ , പിഎഎം ബഷീര്‍, കെ.പി ബാബു, പിപി ഉതുപ്പാന് , എ.ജി ജോര്‍ജ് ,എബി എബ്രാഹം, എംഎസ് എല്‍ദോസ്, യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , മറ്റു നേതാക്കള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.


