കൊച്ചി : മുസ്ലിം ലീഗ് ഓഫീസുകള്‍ ബഹുജന സേവനത്തിന്റെ കാര്യാലയങ്ങളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സി.എച്ച്. സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വാണിജ്യ വ്യവസായ സിരാകേന്ദ്രമായ മെട്രോസിറ്റിയിലെ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരം മദ്ധ്യകേരളത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഓഫീസായി മാറണമെന്നും തങ്ങൾ പറഞ്ഞു. മഹാനായ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലീഗ് ഓഫീസുകളെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കേന്ദ്രങ്ങളാക്കാനാണ് നമ്മളെ പഠിപ്പിച്ചത്. വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തണം. സാംസ്കാരിക ഭൂപടത്തില്‍ എറണാകുളത്തെ പുതിയ ലീഗ് ഓഫീസ് മന്ദിരം അടയാളപ്പെടുത്തണമെന്നും സാദിഖലിതങ്ങള്‍ പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് ശാസത്രീയമായും ജനോപകാരപ്രദമായും പാർട്ടിയെ സജ്ജമാക്കുന്നതിന് മുൻഗണന നൽകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി . ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണ്. സംഘടിത ശക്തിയിലൂടെ സമൂഹത്തിന് വലിയ നേട്ടമുണ്ടാക്കാനാകും. സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായ നേട്ടങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പങ്ക് വലുതാണ്. സമൂഹത്തിന്റെ ഉദ്ധാരണത്തിനും പുനരുദ്ധാരണത്തിനും വരും കാലങ്ങളിലും സംഘടിത ശക്തിയായി മുസ്ലിം ലീഗുണ്ടാകും. പുതിയ ജില്ലാ നേതൃത്വം ഊര്‍ജിതവും ശക്തവുമായി പ്രവര്‍ത്തിക്കും. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നല്ല ഭാവിയുള്ള ജില്ലയാണ് എറണാകുളമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കട്ടി.
ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, ട്രഷറർ എൻ.കെ.നാസ്സർ, ഭാരവാഹികളായ എം.പി.അബ്ദുൾ ഖാദർ, എൻ.വി.സി.അഹമ്മദ്, പി.കെ.ജലീൽ, എം.യു.ഇബ്രാഹിം, ഉസ്മാൻ തോലക്കര, കെ.എച്ച്.മുഹമ്മദ് കുഞ്ഞ്, പി.എ.മമ്മു, ഇ.എം.അബ്ദുൾ സലാം, കരീം പാടത്തിക്കര ,പി.എ.അഹമ്മദ് കബീർ, ഗ്ലോബൽ കെ എം സി സി ജില്ലാ ട്രഷറർ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.


