കരുമാല്ലൂര്‍: മാഞ്ഞാലി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാലി ചീനംകോട് വീട്ടില്‍ ഷിയാസാണ്(31) അറസ്റ്റിൽ ആയത്. മാളികംപീടിക പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ആലുവ വെസ്റ്റ് (ആലങ്ങാട്) പൊലീസ് ആണ് ഇയാളെ പിടികൂടിയത്. മാഞ്ഞാലി സഹകരണ ബാങ്കില്‍ 11 പേര് ചേര്‍ന്നാണ് മുക്ക് പണ്ടം പണയപ്പെടുത്തി 20.15 ലക്ഷം രൂപ തട്ടിയെടുത്തത്.
തുടർന്ന് ആലങ്ങാട് പൊലീസില്‍ ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 2021 മാര്‍ച്ച് മുതല്‍ ജൂലായ് 9 വരെ 22 തവണകളായിട്ടാണ് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് അംഗങ്ങളായ മാഞ്ഞാലി കുന്നുംപുറത്ത് മണപാടത്ത് വീട്ടില്‍ സുനീര്‍ , ചീനംകോട് ഷിയാസ്, നടുവിലത്തട്ടില് ശെല്വന്, കൊളുത്തങ്കല് വീട്ടില്‍ രവീന്ദ്രന് , ലക്ഷം വീട്ടില്‍ സനോജ്, ചീനംകോട് സജീര്‍ , പുത്തന്‍പറമ്പില്‍ റഫീഖ്, വാക്കയില്‍ സുനീര്‍ , പുന്നിലത്ത് ഷെഫീഖ്, പൂങ്കുഴിപറമ്പില് അനു എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
ഇതിൽ രവീന്ദ്രന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമാണ്. ഇയാള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. മാഞ്ഞാലി ബാങ്കിലെ സംഭവം അറിഞ്ഞതോടെ പൊലീസിൻ്റെയും സഹകരണ രജിസ്ട്രാറുടെയും സാന്നിധ്യത്തില്‍ അംഗീകൃത അപ്രൈസറെ കൊണ്ട് സമീപ ബാങ്കുകളിലെ പണയത്തിലുള്ള മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പുനഃപരിശോധന നടത്തണമെന്ന തീരുമാനത്തിലാണ് അധികൃതർ.


