മൂവാറ്റുപുഴ: മലങ്കര കത്തോലിക്ക സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികത്തിന് ഉജ്ജ്വല തുടക്കം. വാഴപ്പിള്ളി വിമലഗിരി ബിഷപ്പ്സ് ഹൗസിന് സമീപം പ്രത്യേകം തയ്യാറാക്കിയ മാര്‍ ഇവാനിയോസ് നഗറിലേക്ക് ദീപശിഖ പ്രയാണത്തെ വരവേറ്റു കൊണ്ടാണ് തുടക്കം കുറിച്ചത്. ഇതിനോട് അനുബന്ധിച്ച് 3:00 മണിക്ക് രൂപതയിലെ വിരമിക്കുന്ന വൈദികര്‍ക്കായി പണികഴിപ്പിച്ച വൈദിക മന്ദിരത്തിന്റെ കൂദാശകര്‍മ്മം മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
സഭയിലെ പിതാക്കന്മാരായ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ആര്‍ച്ച് ബിഷപ്പ് ന്യൂഷന്സിയോ മാര്‍ ജോര്‍ജ് പനംതുണ്ടില്‍, ബിഷപ്പുമാരായ ജ്വോഷാ മാര്‍ ഇഗ്നാത്തിയോസ്, ് ജോസഫ് മാര്‍ തോമസ്, ഡോ.സാമുവല്‍ മാര്‍ ഐറേനിയസ്, തോമസ് മാര്‍ ആന്തോണിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ഡോ. തോമസ് യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പസ്, ഡോ.എബ്രഹാം മാര്‍ യൂലിയോസ്, യുഹനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. മൂവാറ്റുപുഴ രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. യുഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു. രൂപത വികാരി ജനറാള്‍ റെറ്റ് റവ.തോമസ് ഞാറക്കാട്ട് കോര്‍ എപ്പിസ്കോപ്പ നന്ദി പ്രകാശിപ്പിച്ചു.
എം സി വൈ എം ന്റെ നേതൃത്വത്തില്‍ 2023 ജൂലൈ പതിനഞ്ചാം തീയതി പട്ടം മാര്‍ ഇവാനിയോസ് കബറില്‍ നിന്ന് ആരംഭിച്ച മൂവാറ്റുപുഴ രൂപതയില്‍ നിന്ന് ആരംഭിച്ച പുനരൈക്യ ദീപശിഖ പ്രയാണത്തിനു കത്തീഡ്രല്‍ ദേവാലയത്തില്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അതേസമയം തന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള വചനപ്രഘോഷന് ഫാ. ബിനോയ് കരിമരുതിങ്കല്‍ നേതൃത്വത്തില്‍ സുവിശേഷ സന്ധ്യയും വിശുദ്ധ കുര്‍ബാനയുടെ ആരാധനയും നടത്തപ്പെട്ടു.
ഭദ്രാസനത്തിന്റെ ആസ്ഥാനമന്ദിരത്തില്‍ വച്ച് 6.00 മുതല്‍ 8.30 വരെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുനഹദോസിന്റെ പ്രത്യേകയോഗം നടന്നു.
പ്രധാന ദിവസമായ ഇന്ന് രാവിലെ എട്ടുമണിക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍, സഭയുടെ എല്ലാ പിതാക്കന്മാരുടെയും വൈദികരുടെയും സഹകാര്മികത്വത്തില് ആഘോഷമായ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. കോഴിക്കോട് രൂപതാധ്യക്ഷനും, കെ. ആര്. എല്‍ .സി. സി യുടെ പ്രസിഡണ്ടുമായ മോസ്റ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ തിരുവചനസന്ദേശം നല്‍കും.
വിശുദ്ധ കുര്‍ബാനയുടെ അവസാനം ദൈവജനത്തിനുള്ള സഭാതലവന്റെ പുനരൈക്യസന്ദേശം കാതോലിക്കാബാവാ നല്‍കും. 93-ാം പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.തുടര്‍ന്ന്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭിമാനമായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് ന്യുന്ഷിയോ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് പനംതുണ്ടിലിനെ ഭദ്രാസനം ആദരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നാല് സമ്മേളന നഗരികളിലായി 4 വിവിധ സമ്മേളനങ്ങള്‍ നടത്തപ്പെടും. സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ എം.സി.വൈ.എം ആഗോള യുവജന സമ്മേളനം നടക്കും. എം സി വൈ എം സഭാതല പ്രസിഡണ്ട് ഏഞ്ചല്‍ മേരി അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്നാടന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാര്‍ ഇവാനിയോസ് നഗറില്‍ നടത്തപ്പെടുന്ന എം.സി.എ യുടെ നേതൃത്വത്തിലുള്ള ആഗോള അല്മായ സംഗമത്തില്‍ സഭാതലപ്രസിഡന്റ് അഡ്വ. എബ്രഹാം എം പട്യാനി അധ്യക്ഷത വഹിക്കും. സി.ബി.സി.ഐ.ലെയ്റ്റി കമ്മീഷന് സെക്രട്ടറി അഡ്വ.വി സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. കെ എം ആര് എമ്മിന്റെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ.യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.
ദൈവശാസ്ത്ര സമ്മേളനം ബിഷപ്പ് ഹൗസിലുള്ള മാര്‍ തെയോഫിലോസ് നഗറില്‍ വച്ച് നടത്തപ്പെടുന്നു.
കുട്ടികളുടെ സംഘടനയായ എം.സി.സി.എല്‍ സമ്മേളനം വിശുദ്ധ ഷാര്‍ബേലിന്റെ ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നു. കോതമംഗലം രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും.
വിവിധ സമ്മേളനങ്ങളെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് നഗറില്‍ വച്ച് സുവിശേഷ സംഘ പ്രാര്‍ത്ഥന ശുശ്രൂഷയും വി.കുര്‍ബാനയുടെ ആരാധനയും ബിഷപ്പ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തും.

