മൂവാറ്റുപുഴ : പ്രീ പ്രൈമറി കുട്ടികളിൽ വരയുടെ വസന്തമൊരുക്കി മുളവൂർ ഗവ.യുപി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു . സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. . പിടിഎ പ്രസിഡന്റ് ഉബൈസ് ടി എം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബെസ്സി എൽദോ പ്രകൃതിയിൽ നിന്നും വരയിലേക്ക് എന്ന കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ സ്വാഗതം പറഞ്ഞു. ബിആർസി ട്രൈനർ ആതിര ശശി പദ്ധതി വിശദീകരണം നടത്തി.
മുൻപിടിഎ പ്രസിഡൻറ് പി പി അഷറഫ്, ബി ആർ സി ട്രൈനർ തുളസി ടീച്ചർ, പ്രീ പ്രൈമറി അധ്യാപകരായ ബുഷറ കെ എം, കെ. ബുഷറ, പിടിഎ വൈസ് പ്രസിഡന്റ് നാസർ തടത്തിൽ എന്നിവർ സംസാരിച്ചു.
ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാകുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളുടെ ആശയങ്ങളെ ചിത്രങ്ങളാക്കിയും , ചിത്രങ്ങൾക്ക് നിറം നൽകിയും കുട്ടികൾ വരയുത്സവത്തെ ഏറ്റെടുത്തു. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക തീമുകളെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്മക ചിത്രങ്ങൾ വരെ വരയ്ക്കുന്നതിലേക്ക് നയിക്കുന്നതിനും കുട്ടികളിലെ പേശീ വികാസം സാധ്യമാക്കുന്നതിനുമായാണ് വരയുത്സവം സംഘടിപ്പിച്ചത്.


