പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിൽ ദുർബലമായ വീടുകൾ നന്നാക്കുന്നതിന് ജനകീയ പിന്തുണയോടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. രണ്ടു വീടുകൾ കേടുപാടുകൾ തീർത്ത് സുരക്ഷിതമാക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തി കഴിഞ്ഞു. രണ്ടാമത്തെ വീടിനുള്ള തുക വീട്ടുടമക്ക് എം.എൽ.എ കൈമാറി. കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.പി തങ്കച്ചൻ എം.എൽ.എയും ആയിരുന്ന കാലഘട്ടത്തിൽ ഹൗസിംഗ് ബോർഡിന്റെ സഹായത്തോടെ നിർമ്മിച്ചു നൽകിയ 14 വീടുകളിൽ കേവലം ഏഴ് വീടുകളിൽ മാത്രമാണ് ഇന്ന് താമസം ഉള്ളത്. ഏറ്റവും മോശമായ അവസ്ഥയിലുള്ള ഒറ്റമുറി വീടുകൾ ആണ് ഇവിടത്തേത്.
വിവാഹപ്രായമായ പെൺകുട്ടികളും ഗർഭിണികളും അമ്മമാരും പ്രായമായവരും അവിടെ ഉണ്ട്. നല്ല ഉറപ്പുള്ള വാതിലുകളോ നല്ലൊരു ശുചിമുറിയോ ഉള്ള വീടുകൾ ഇവിടെയില്ല. അതിൽ തന്നെ ഒരു വീടിന്റെ കോണ്ക്രീറ്റ് മരത്തടി കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ്. അപേക്ഷ നൽകി നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സുതാര്യ കേരളം പരിപാടിയിൽ നൽകിയ പരാതിയെ തുടർന്നാണ് അവിടെയുള്ള ഏഴ് കുടുംബങ്ങളിൽ നാല് കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നത്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങൾക്കും കൂടി പട്ടയം ലഭ്യമാക്കുന്നതിന് എം.എൽ.എ ഹൗസിംഗ് ബോർഡിൽ ഇടപെട്ടിരുന്നു. അതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്.
ഏറ്റവും മോശമായ ഒരു അവസ്ഥയിലാണ് ഈ കോളനിയിലെ ഓരോ കുടുംബവും ജീവിക്കുന്നത്. ഇവിടുത്തെ എല്ലാ വീടുകളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലും. ഇവിടെ പട്ടയം കിട്ടിയ നാല് കുടുംബങ്ങൾക്കും വീട് നിർമ്മിക്കുന്നതിന് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

