പെരുമ്പാവൂര്‍: പരാതി ഉയര്‍ന്നതോടെ മേള നഗരിയില്‍ പോലീസ് ഒഴുകിയെത്തി. റവന്യൂ ജില്ലാ കലോത്സവമേള നിയന്ത്രിക്കാന്‍ ആവശ്യത്തിന് നിയമപാലകരില്ലാതെ വന്നത് വലിയ കല്ലുകടിയായിരുന്നു.
ഒന്നാം ദിവസം വെറും 12 പൊലീസുകാര്‍ മാത്രമാണ് നഗരത്തിലും മേള നഗരിയിലും ഉണ്ടായിരുന്നത്. പതിനായിരത്തിന് മുകളില്‍ കുട്ടികളും കാണികളും എത്തുന്ന കുറുപ്പംപടിയിലെ മേളയുടെ ആദ്യദിവസം തന്നെ വിവിധ ഉപജില്ലകളില്‍ നിന്നും എത്തിയവരെ ഇത് വലച്ചു. കുറുപ്പംപടി നഗരത്തിലെ തിരക്ക് മുതല്‍ വിവിധ വേദികളിലേക്കുളള യാത്രകളെ വരെ പൊലീസിന്റെ അഭാവം വലച്ചു.പൊലീസിനെ ‘ സഹായിക്കാന്‍’ 50 വിദ്യാര്‍ത്ഥി വോളണ്ടിയാര്മാരും ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ പോലും പൊലീസുകാര്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു.
റവന്യൂജില്ലാ കലോത്സവത്തിന് എല്ലാവര്‍ഷവും നൂറ് പൊലീസുകാരെയാണ് ഡ്യൂട്ടിക്കയക്കുന്നത്. വരും ദിവസങ്ങളില്‍ നൃത്തകലകള്‍ അരങ്ങ് വാഴുമ്പോള്‍ പ്രശ്നസാധ്യതകള്‍ കൂടുതലാണ്. പൊലീസുകാരുടെ എണ്ണക്കുറവ് മേളയുടെ താളം തെറ്റിക്കുമെന്ന പരാതി വ്യാപകമായിരുന്നു.
ജില്ലാ പോലീസ് മേധാവി ഇടപെട്ട് കൂടുതല്‍ പോലീസുകാരെ മേളയ്ക്ക് നിയോഗിച്ചത്. തുടക്കത്തിലെ താളപ്പിഴ തിരിച്ചറിഞ്ഞ സംഘാടകര്‍ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ സറ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലീസിനെ എത്തിക്കുകയായിരുന്നു