നാടിനെ ക്യാന്‍സര്‍ പോലെ കാര്‍ന്നു തിന്നുന്ന മണ്ണ് – പാറ മാഫിയക്കെതിരെ അടിയന്തിരമായ ഇടപെടലുകള്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് വേങ്ങൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേങ്ങൂര്‍ പഞ്ചായത്തില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്ന കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ലോഡ് മണ്ണാണ് വേങ്ങൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണ്ണ് മാഫിയ കടത്തിയിരിക്കുന്നത്. വില്ലേജിലും പഞ്ചായത്തിലെയും അധികാരികള്‍ അന്ധന്മാരായി അഭിനിയിക്കുകയാണ്.
രാത്രി 11 മണി മുതല്‍ വെളുപ്പിന് 4 മണിവരെ വേങ്ങൂര്‍ പഞ്ചായത്തിന്റെ വിവിധ വഴികളിലൂടെ മണ്ണ് കയറ്റി വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിച്ചു പോകുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു. പാറമടകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ദിനംപ്രതി പാറപൊട്ടിച്ച് പാറമട മാഫിയകള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു. പാറമടകളില്‍ നിന്നും ക്രഷറുകളില്‍ നിന്നും വാഹനങ്ങളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ കല്ലും പാറമണലുകളും കയറ്റിയ വാഹനങ്ങള്‍ വേങ്ങൂര്‍ പഞ്ചായത്തിലെ റോഡുകളുടെ നാശത്തിന് കാരണമായി മാറുന്നു. വാഹനങ്ങളുടെ മത്സരഓട്ടം കവലകളിലും പൊതുഇടങ്ങളിലും പൊടി ശല്യം രൂക്ഷമാക്കി.
മണ്ണ് – പാറ മാഫിയയുടെ കൊള്ളക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്, പോലീസ്, റവന്യു, ജിയോളജി വകുപ്പ് അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ് മുന്നോട്ട് വരുമെന്ന് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. നാടിനെയും അതിന്റെ പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നത് തടയേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യം ആണെന്ന് മനസ്സിലാക്കി യൂത്ത് കോണ്‍ഗ്രസ്സിന്റെ വരാന്‍ പോകുന്ന സമരപരിപാടികളില്‍ അണിനിരക്കേണ്ടത് വേങ്ങൂരിലെ ഓരോ സാധാരണക്കാരന്റെയും കടമയാണ് എന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് വേങ്ങൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമല്‍ പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് ഭാരവാഹികളായ പ്രിന്‍സ് മാത്യു, മരിയ സാജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.