പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്കി തുടങ്ങി. പെരുമ്പാവൂര്‍ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളില്‍ ഉള്‍പ്പെട്ട 29 ഭുവുടമകള്‍ക്കാണ് ആദ്യമായി നോട്ടീസ് നല്‍കിയത്.
നോട്ടീസ് നല്കി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സര്‍വ്വേ നടപടികള്‍ ആരംഭിക്കും. ഇതിന് ശേഷം മറ്റു രണ്ട് ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട വസ്തു ഉടമകള്‍ക്ക് കൂടി നോട്ടീസ് നല്കി പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും. ബൈപ്പാസ് പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ക്കായി സര്‍വ്വേയര്‍മാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്‍കിയതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. ഇതേ തുടര്‍ന്ന് നിയോഗിക്കപ്പെട്ട സംഘമാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തികരിക്കുന്നത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തികരിച്ചു ഭൂമിയുടെ വില നിശ്ചയിച്ചതിന് ശേഷമാണ് ബൈപ്പാസിനുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു. പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇത്.


