ആലപ്പുഴ: ചേർത്തലയിലെ സഹോദരിയുടെ വീട്ടില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവശേഷം കാണാതായ സഹോദരീഭര്‍ത്താവിനെ പൊലീസ് പിടികൂടി.
കടക്കരപ്പള്ളിയിലെ സഹോദരിയുടെ വീട്ടില്‍ ആണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിൻ്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണയാണ് (25) മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഹരികൃഷ്ണ.
മൂത്തസഹോദരി നീതുവിൻ്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി – 40) നെയാണ് ഇന്നലെ രാത്രി ഏഴോടെ ചേര്‍ത്തല ബന്ധുവീട്ടില്‍നിന്നു പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകമാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും.


