തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന പരാതിയില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം. ജി.സുധാകരനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. എളമരം കരീമും കെ.ജെ തോമസുമാണ് അന്വേഷണ കമീഷന് അംഗങ്ങള്‍.
ആലപ്പുഴയിലെ സി പി എമ്മില്‍ ഏറ്റവും കരുത്തനായ വ്യക്തിയാണ് ജി സുധാകരന്. രണ്ട് പതിറ്റാണ്ടോളം ആലപ്പുഴയിലെ പാര്‍ട്ടിയേയും ബഹുജന സംഘടനയേയും മുന്നില്‍ നിന്ന് നയിച്ച വ്യക്തി. 1967 മുതല്‍ പാര്‍ട്ടി അംഗംമായാ സുധാകരനെ അമ്പലപ്പുഴയിൽ നിന്നും മാറ്റി എച്ച് സലാമിനെ സ്ഥാനാര്‍ഥിയാക്കിയതിന് തുടര്‍ന്ന് സുധാകരന് പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം. തന്നെ എസ്.ഡി.പി.ഐക്കാരനായി ചിത്രീകരിക്കാന്‍ സുധാകരന് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും ജില്ലാ കമ്മിറ്റിയില്‍ സലാം ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് ഇക്കാര്യത്തിലൊരു റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണനക്ക് എടുക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ജി.സുധാകരന്റെ പേര് പരാമര്ശക്കപ്പെട്ടിരുന്നില്ല. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജി സുധാകരൻ്റെ വിശദീകരണവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേയും സ്ഥാനാര്‍ഥി അടക്കമുള്ളവരുടെ പരാതികളും കേട്ട ശേഷമാകും അന്വേഷണ കമ്മീഷന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുക. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാകും അച്ചടക്ക നടപടി അടക്കമുള്ള തുടര്‍നീക്കങ്ങള്‍.


