രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരിലാണ് പ്രതിഷേധ കൂട്ടായ്മ. പ്രത്യക്ഷ സമരത്തിനൊപ്പം നിയമ പോരാട്ടവും നടത്തുമെന്ന് കോളേജ് യൂണിയന് വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നത് വര്‍ഷങ്ങളായുള്ള നിബന്ധനയാണ്. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. മാറിയ കാലത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള വിലക്കുകള്‍ അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
വനിതാ ഹോസ്റ്റലിന് മുന്നിലെ മതിലില്‍ ചിത്രം വരച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് സമരത്തിന് തുടക്കം കുറിച്ചത്. വരും ദിവസങ്ങളില്‍ രാത്രി സമരമടക്കമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് കോളേജ് യൂണിയന് വ്യക്തമാക്കി.


