മൂവാറ്റുപുഴ: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. കല്ലൂര്‍ക്കാട് എ.ഇ.ഒ. എ.സി. മനു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ കലാപരവും സാഹിത്യപരവുമായ കഴിവ് വര്‍ധിപ്പിക്കുന്നതില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനം അഭിവാജ്യ ഘടകമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയിലും കലയുടേയും സാഹിത്യത്തെയും അംശം ഉണ്ട്.
അവ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സ്കൂളുകളില്‍ അവസരമുണ്ട്. പ്രകൃതിയിലെ കലയുടെയും സാഹിത്യത്തിന്റെയും നല്ല വശങ്ങളെ വേര്‍തിരിച്ച് എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ രേഖ വെള്ളത്തൂവല്‍ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാര്‍ത്ഥിയായിരിക്കെ വരയ്ക്കുന്ന വരകളും കുറിച്ചിടുന്ന വാക്യങ്ങളും നാളത്തെ ചിത്രകാരന്മാരെയും കവികളെയും സൃഷ്ടിക്കുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലൂര്‍ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോസ് മയിലാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകൂടി എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
കല്ലൂര്‍ക്കാട് ബി.പി.സി. എം.കെ. ബിജു, ഹെഡ്മാസ്റ്റര് ഷാബു കുര്യാക്കോസ്, എം.പി.ടി.എ. പ്രസിഡന്റ് ഷീന അനീഷ്, ജോമോന് ജോസ്, എല്‍സ ബിജു എന്നിവര്‍ സംസാരിച്ചു. സജി ചെറിയാന്, ജിയോ റെജി, മോനിക്ക ദേവസ്യ, നീന ജോയി, ഭദ്രാ സുരേന്ദ്രന് വി.എസ്. ഗീതു, ബി.എം. ബിസ്മയ, ഭദ്ര ലെജു തുടങ്ങിയവര്‍ നേതൃത്വം നല്കി.

