പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രചാരണത്തിനിടയിലേക്ക് പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം. പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പ്രചരണത്തിനിടെയാണ് അപകടം ഉണ്ടായത്.
പൂഞ്ഞാര്‍ തെക്കേകര കൈപ്പിളളിയില്‍ വെച്ചായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പി.കെ. തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരാറ്റുപേട്ടയില്‍ പ്രകടനം നടത്തി.
അതേസമയം, ബൈക്കില്‍ അമിത വേഗതയില്‍ വന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ഏന്തയാറിലേക്ക് പോകുന്നത് വഴി കൈപ്പള്ളി എത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രചാരണം കണ്ടു. അവരെ അഭിവാദ്യം ചെയ്തിട്ടാണ് താന്‍ യാത്ര തുടര്‍ന്നത്.
ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മദ്യപരായ രണ്ട് പേര് അമിത വേഗതയില്‍ ബൈക്കില്‍ എത്തി. നിയന്ത്രണം വിട്ട ബൈക്ക് തന്റെ വാഹനത്തില്‍ ഇടിച്ച് ഒരു കുഴിയിലേക്ക് മറിഞ്ഞു. തങ്ങളും നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു. എന്നിട്ടാണ് താന്‍ അവിടെ നിന്ന് മടങ്ങിയതെന്നും ഷോണ്‍ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ വിശദീകരിച്ചു.